Monday, November 27, 2006

മൌസ് പോയിന്റര്‍

പൂച്ചയെക്കാണുമ്പോഴുള്ള ഓട്ടമാണ്
മോണിട്ടറിലെ മൌസ് പോയിന്റര്‍.
കൈപ്പത്തിയായും അറ്റം കൂര്‍ത്തും
ക്ലിക്കുകളില്‍ തട്ടിത്തടഞ്ഞ്
അത് ഓടിക്കൊണ്ടേയിരിക്കും
ചിലപ്പോഴൊക്കെ സമയനാഴിയായി
എന്തോ ഓര്‍ത്തിരിക്കും.

(ഇ-കവിതകള്‍ സീരീസ്)

Friday, November 17, 2006

മെമ്മറി - മദര്‍‌ബോര്‍ഡ്


മെമ്മറി


ഒന്നും ഓര്‍ത്തിരിക്കാത്ത റാം,
എല്ലാം ഓര്‍ത്തിരിക്കുന്ന ഹാര്‍ഡ്‌ഡിസ്ക്

ഒരു കമ്പ്യൂട്ടറിനുള്ളില്‍
വൈരുദ്ധ്യാത്മ ഭൌതികവാദം!

മദര്‍‌ബോര്‍ഡ്

വിന്‍‌ഡോസും ലിനക്സും
മാറിമാറി ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍
മദര്‍‌ബോര്‍ഡിനെ
അരാഷ്ട്രീയ വാദിയെന്ന് വിളിക്കാനാവുമോ?

Sunday, November 12, 2006

സ്കീന്‍ സേവര്‍

ഇലയനക്കങ്ങളുണ്ട്,
ഇടിമുഴക്കങ്ങളും
മിന്നലിന്‍ നടുക്കങ്ങളുമുണ്ട്.

തണുക്കുന്നുണ്ടാവുമോ
കമ്പ്യൂട്ടറിനെന്നെനിക്ക് തോന്നുന്നു
മഴ പെയ്യുന്നു സ്ക്രീന്‍ സേവറില്‍,
വിരല്‍ത്തുമ്പ് നനയാതെ!
ഒഴുക്കി നടക്കാനാവാതെ
എന്റെ കടലാസ്സ് തോണികള്‍,
ഫോട്ടോഷോപ്പില്‍ മൂടിപ്പുതച്ചിരിക്കുന്നു!

മഴ മുറിച്ച്,
ഇന്റര്‍‌നെറ്റിലേയ്ക്കിറങ്ങാമെന്ന്
മൌസനക്കുമ്പോള്‍
വരുന്നു മോണിട്ടറില്‍ -
ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്ത്


(ഇ-കവിതകള്‍ സീരീസ്)