Sunday, October 29, 2006

ഹൈപ്പര്‍ ലിങ്ക്

ഹൈപ്പര്‍ ലിങ്കുകള്‍ക്ക് പിന്നില്‍
മിടിക്കുന്നൊരു ഹൃദയം ഒളിച്ചിരിക്കുന്നുണ്ടാവണം
അല്ലെങ്കിലെങ്ങെനെയാണ്
ഒരു മൌസ് ക്ലിക്കില്‍ അവയ്ക്ക് ജീവന്‍ വയ്ക്കുന്നത്?

പുഴ പോലൊഴുകുന്നത്
വിരല്‍ ചൂണ്ടി നില്‍ക്കുന്നത്
അയനമാകുന്നത്
മൂന്നാമിടമെന്ന് എരിയുന്നത്

ഹൈപ്പര്‍ ലിങ്കുകളുള്ള ഒരു കവിത
അച്ചടിക്കുന്നതെങ്ങിനെയാണ്?

(ഇ-കവിതകള്‍ സീരീസ്)

Tuesday, October 24, 2006

ഇ-ബുക്ക്

ഇന്നലെയൊരു ഇ-ബുക്ക് കിട്ടി.
ഇതിലെങ്ങെനെയാണെന്റെ
മയില്‍പ്പീലികള്‍ ഒളിപ്പിക്കുക?
ഇതിലെങ്ങനെയാണവ പെറ്റു പെരുകുക?

അടുത്തപേജിലേക്കുള്ള ലിങ്കില്‍
മൌസ് ക്ലിക്കിനോടൊപ്പം
തുപ്പല്‍ തൊട്ട് പേജ് മറിക്കുന്ന ഒച്ച
ഒളിച്ചു വയ്ക്കാനാവുമോ?

എന്റെ പ്രിയപ്പെട്ടവള്‍ക്കുള്ള
പ്രണയലേഖനം ഇ-ബുക്കിനൊപ്പം
ഒളിച്ചു വയ്ക്കാനാവുമോ?

അടയാളങ്ങള്‍ വീഴാതെ, മുഷിയാതെ
എന്നും ഒരുപോലിരിക്കുന്ന ഇ-ബുക്ക്!
ഞാന്‍ വാ‍യിച്ചതാണെന്ന വിരലടയാളങ്ങള്‍
ഇ-ബുക്കില്‍ പതിപ്പിക്കുന്നതെങ്ങനെ?


(ഇ-കവിതകള്‍ സീരീസ്)

Friday, October 06, 2006

കാത്തിരിപ്പ്

അതൊരു കലാപത്തിന്റെ അടയാളമായിരുന്നു എന്ന് അവള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.
സ്വപ്നങ്ങളെ കടലിന്റെ തിരകള്‍ വന്നു മൂടുന്ന ഒരു രാത്രിയില്‍, പേടിച്ച് പേടിച്ച് അവള്‍
അവനെയും കാത്ത് മുറ്റത്തിരുന്നു. രാവിരുണ്ട്, വെളുത്ത്, പുലര്‍ന്ന് കഴിഞ്ഞിട്ടും അവന്‍
വന്നില്ല. അവള്‍ ഉറങ്ങിപ്പോയതിന്റെ ജാള്യതയുമായി, നിരാശയോടെ പതുങ്ങിക്കിടന്നു, തിരകള്‍
വന്ന് നക്കിയെടുക്കാന്‍.